നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി നെയ്യാന്‍കര നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് കുടുംബം. ഗോപന്റെ രണ്ടാമത്തെ മകന്‍ രാജ സേനന്‍ ആണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അച്ഛൻ മരിച്ചതല്ലെന്നും ‘സമാധി’ ആയതാണെന്നും നിരന്തരം പറഞ്ഞയാളാണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭ മറുപടി നല്‍കി.
പോസ്റ്റ് മോര്‍ട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടമാണിത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും വരാനുണ്ട്. അതിനാല്‍ ഗോപന്റെ മരണ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുമുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു
കുടുംബം നല്‍കിയ കേസ് പരിഗണിക്കവെ ഹൈക്കോടതി ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ചോദിച്ചിരുന്നു. പക്ഷേ ഗോപന്‍ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. ഗോപന്‍ ‘സമാധി’യായി എന്ന പോസ്റ്റര്‍ മക്കള്‍ വെച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്. വിവാദത്തിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വീണ്ടും സംസ്‌കരിച്ചിരുന്നു. അച്ഛൻ ദൈവമാണ് എന്നാണ് മകന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. അതിയന്നൂര്‍ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു മണിയൻ എന്ന ഗോപന്റെ ആദ്യ താമസം. നെയ്ത്ത് തൊഴിലാളി ആയി ജീവിതം ആരംഭിച്ചു. പിന്നീട് ചുമട്ട് തൊഴിലാളിയായി. പിന്നീട് മണിയന്‍ ആത്മീയ വഴിയിലേക്ക് തിരിഞ്ഞ് ഗോപന്‍ എന്ന പേര് സ്വീകരിച്ചു.