പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നരമാസമായി കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ രക്ഷപ്പെടുത്തി വനംവകുപ്പ്. വനപാലകരെത്തി വലയിട്ട് കാട്ടുപന്നിയെ വലിച്ച് കയറ്റി. കരയ്ക്ക് കയറ്റിയ പന്നിയെ തുറന്നുവിട്ടു. കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ആരും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് എത്തി കാട്ടുപന്നിയെ പുറത്തെത്തിച്ചത്.
കാട്ടുപന്നി കിണറ്റിൽ വീണെന്ന വിവരം പഞ്ചായത്തിനെ അറിയിച്ചപ്പോൾ വെടിവെച്ച് കൊല്ലാൻ ആളില്ലെന്നായിരുന്നു കലഞ്ഞൂർ പഞ്ചായത്തിന്റെ മറുപടി. വനംവകുപ്പും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. പ്രദേശവാസിയായ ബിന്ദു എന്ന യുവതിയാണ് ഒന്നര മാസമായി കിണറ്റിൽ കിടന്ന കാട്ടുപന്നിക്ക് തീറ്റ നൽകിയിരുന്നത്. കളക്ടറോട് ഉൾപ്പെടെ വിവരം അറിയിച്ചിരുന്നെങ്കിലും ആരും ഒരു നടപടിയെടുക്കുന്നില്ല ബിന്ദു പറഞ്ഞിരുന്നു