ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ മേക്കപ്പ് മാൻ രുചിത് മോനേ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സസ്പെൻഡ് ചെയ്തു. തനിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായെന്ന് കാണിച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഫെഫ്കയുടെ നടപടി. ഓൺലൈനായി അടിയന്തരയോഗം ചേർന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാക്കുന്നതുവരെയാണ് സസ്പെൻഷൻ എന്ന് ഫെഫ്ക അറിയിച്ചു.
നേരത്തെ ഈ വിഷയത്തിൽ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഹേമ കമ്മറ്റിയിൽ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കാക്കനാട്ടേ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതി നിലവിൽ കാക്കനാട് ജയിലിലാണ്. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് പരാതി. ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്.
