ദില്ലി : ചരിത്രത്തിൽ ആദ്യമായി വിവാഹവേദിയാകാനൊരുങ്ങി രാഷ്ട്രപതി ഭവൻ. ഇന്ത്യയുടെ അധികാര കേന്ദ്രത്തിൽ വച്ച് വിവാഹിതയാവുന്നത് സിആർപിഎഫ് ഉദ്യോഗസ്ഥരാണ്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയാണ് സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ അവിനാശ് കുമാറിനെ രാഷ്ട്രപതി ഭവനിൽ വച്ച് വിവാഹം ചെയ്യാനൊരുങ്ങുന്നത്. ഫെബ്രുവരി 12നാണ് ഇവരുടെ വിവാഹം നടക്കുക.
നിലവിൽ രാഷ്ട്രപതി ഭവനിലെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയാണ് പൂനം ഗുപ്ത. 74ാം റിപബ്ലിക് ദിന പരേഡിലെ വനിതാ സംഘത്തെ നയിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ വനിതാ ഉദ്യോഗസ്ഥയാണ് പൂനം. തൊഴിലിനോടുള്ള ആത്മാർത്ഥതയും കൃത്യനിഷ്ഠയും കണക്കിലെടുത്താണ് രാഷ്ട്രപതി ഭവനിൽ വച്ച് വിവാഹിതയാവാൻ രാഷ്ട്രപതി ദൌപതി മുർമു പൂനം ഗുപ്തയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ആദ്യ വിവാഹമാകും ഇത്.
മധ്യപ്രദേശ് സ്വദേശിനിയാണ് പൂനം. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ പൂനം ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്. 2018ലെ സിഎപിഎഫ് പരീക്ഷയിൽ 81ാം റാങ്കോടെയാണ് പൂനം സേനയുടെ ഭാഗമായത്. ബിഹാറിൽ നക്സൽ ബാധിത മേഖലയിൽ അടക്കം പൂനം സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീരിലാണ് പൂനത്തിന്റെ ഭാവിവരൻ സേവനം ചെയ്യുന്നത്. രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൌൺ കോംപ്ലക്സിലാവും ഇവരുടെ വിവാഹം നടക്കുക. കർശന സുരക്ഷയിൽ ഉറ്റ ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.
വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ പേരിൽ ഏറെ പേരുകേട്ട നിർമ്മിതി കൂടിയാണ് രാഷ്ട്രപതി ഭവൻ. ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയ എഡ്‌വിൻ ലാൻഡ്‌സീയർ ലൂട്ടെൻസാണ് രാഷ്ട്രപതി ഭവൻ ഡിസൈൻ ചെയ്തത്. 300 ഏക്കറിൽ 200000 സ്ക്വയർ ഫീറ്റി നാല് നിലകളിലായി 340 മുറികളാണ് രാഷ്ട്രപതി ഭവനിലുള്ളത്. ലോകത്തിലെ രാഷ്ട്രപതിമാരുടെ വസതിയിൽ രണ്ടാം സ്ഥാനമാണ് രാഷ്ട്രപതി ഭവനുള്ളത്.
