Headlines

വ്യാജ പി എസ് സി നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിൽ ആയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽ ഡി ക്ലർക്ക് ആയി പ്രവേശിക്കാനാണ് രാഖി ശ്രമിച്ചത്. ഇതിനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ ഉണ്ടാക്കി.താലൂക്ക് ഓഫിസിൽ എത്തിയ രാഖിയെ തഹസിൽദാർ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകൾ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥർ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്വന്തമയാണ് രേഖകൾ ഉണ്ടാക്കിയതെന്ന് രാഖി സമ്മതിച്ചു

ഇന്നലെ രാവിലെയാണ് രാഖി ഭർത്താവിന്റെ കുടുംബത്തോടൊപ്പം കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനായി എത്തിയത്. റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പിഎസ്‍സിയുടെ അഡ്വൈസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നിവ സഹിതമാണ് യുവതി എത്തിയത്. രേഖകൾ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ കലക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി.

പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്‍സി റീജനൽ ഓഫിസിലെത്തി റാങ്ക് ലിസ്റ്റിൽ ആദ്യം പേരുണ്ടായിരുന്നെന്നും അഡ്വൈസ് മെമ്മോ തപാലിൽ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്‍സി ഉദ്യോഗസ്ഥർ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പിഎസ്‍സി റീജനൽ ഓഫിസർ ആർ.ബാബുരാജ്, ജില്ലാ ഓഫിസർ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു.

രാഖിയും ഭർത്താവും രേഖകൾ ഫോണിലാണ് കാണിച്ചതെന്ന് പി എസ് സി അധികൃതർ പറയുന്നു. യഥാർഥ രേഖകൾ ഹാജരാക്കാനും രേഖാമൂലം പരാതി നൽകാനും പറഞ്ഞിട്ടും ഇരുവരും കൂട്ടാക്കിയില്ല. ഫോണിൽ കാണിച്ച രേഖകൾ ആദ്യ പരിശോധനയിൽ തന്നെ വ്യാജമാണെന്നു തെളിഞ്ഞു. പിഎസ്‍സി ചെയർമാന്റെ നിർദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 102 –ാം റാങ്ക് ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എക്സാം എഴുതി എന്നു രാഖി പറഞ്ഞ ദിവസം എക്സാം സെന്ററായ സ്കൂളിൽ പരീക്ഷ നടന്നിട്ടില്ല എന്നും തെളിഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: