കോഴിക്കോട്: നിപ പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 94 പേരുടെ ഫലം ഇതോടെ നെഗറ്റീവായി. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകളാണ് അയച്ചത്. ഇതുവരെ രോഗം ബാധിച്ചത് ആകെ 6 പേർക്കാണ്. ഐഎംസിഎച്ചിൽ 2 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ട്. 21 പേർ നിരീക്ഷണത്തിലാണ്.
ആദ്യം മരിച്ചയാളുടെ കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവസാനം പോസിറ്റീവായ ആളുടെ കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കൽ നടക്കുകയാണ്. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോഡുകൾ നിലവിൽവന്നു. രോഗികളുടെ നില സ്റ്റേബിളാണ് എന്നാണ് അവരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
30-ാം തീയതി രോഗം ബാധിച്ചു മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുകയാണ്. ആ വ്യക്തിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിലൂടെ വ്യക്തി സഞ്ചരിച്ച ഇടം കണ്ടെത്താനാകും. സാമ്പിൾ കളക്ഷനായി കൂടുതൽ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.