പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. ഇന്നലെ പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിലാണ് അഞ്ചു ദിവസത്തോളം പഴക്കം ചെന്ന നിലയിൽ ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടിരുന്നു.

ഇന്നലെ തന്നെ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി സംശയം ഉയര്‍ന്നിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുടെ വീട്ടിലേക്ക് ബാബു പോയെന്നായിരുന്നു വീട്ടുകാർ ധരിച്ചിരുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അവിടെ എത്തിയില്ലെന്ന് വ്യക്തമായി. തെരച്ചിലിനൊടുവിൽ ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. തുടര്‍ന്നാണിപ്പോള്‍ വനംവകുപ്പ് കാട്ടാനയുടെ ആക്രമണമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചത്.

മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് കണ്ടെത്തിയത്. വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാനുവെന്ന യുവാവും ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീയും കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കിടെയാണ് തിരുവനന്തപുരത്തും ഒരാളുടെ ജീവൻ പൊലിയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: