മഹാരാഷ്ട്രയിൽ ആശങ്ക പടർത്തി ഗിയൻ ബാരി സിൻഡ്രം പുനെയിലും മുംബൈയിലും രണ്ടു മരണം. 5 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 203 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 5 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 203 ആയി ഉയർന്നു. പുനെയിൽ ജി.ബി.എസ്. ബാധിച്ച് 59 വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പ്രദേശത്ത് സങ്കീർണ നാഡീ രോഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 8 ആയി വർധിച്ചു.
അതേസമയം, ഗിയൻ ബാരി സിൻഡ്രം മൂലമുള്ള ആദ്യ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. മുംബൈ കോർപ്പറേഷന്റെ (ബി.എം.സി.) കീഴിലുള്ള വി.എൻ. ദേശായ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വഡാല നിവാസിയായ 53 കാരനാണ് മരിച്ചത്. മുംബൈയിലെ നായർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം പടർന്നുപിടിക്കുന്ന പൂനെയിൽ അടുത്തിടെ നടത്തിയ സന്ദർശനമാണ് രോഗബാധക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കാലിന് ബലഹീനത അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിയത്. പിന്നീട് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. വെന്റിലേന്ററിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച മരിച്ചു. പാൽഘറിൽനിന്നുള്ള 16 കാരിയും രോഗബാധിതയായി നായർ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി ആദ്യ വാരമാണ് മുംബൈയിൽ ജി.ബി.എസ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. 64 വയസ്സുകാരിയായ രോഗി അന്ധേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മഹാരാഷ്ട്രയിൽ ജി.ബി.എസ്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടുത്തിടെ സംസ്ഥാനത്തെ ജനങ്ങൾക്കായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ശുചിത്വം പാലിക്കണമെന്നും വെള്ളം തിളപ്പിച്ച് കുടിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രോഗത്തെ ഫലപ്രദമായി തടയാനുള്ള നടപടികൾ ഇനിയും വൈകുകയാണ്.
