ബെംഗളൂരു: കാറിൽ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. പിടിച്ചെടുത്ത പണത്തിന് രേഖകളില്ലായിരുന്നു. മതിയായ രേഖകൾ കൂടാതെ ഇത്രയും പണം കൊണ്ടുപോകുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കേശവ്പുർ പൊലീസ് ക്ലബ് റോഡിൽ വാഹന പരിശോധന നടന്നത്. ഈ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.
പോലീസിന്റെ അന്വേഷണത്തിൽ പിടിച്ചെടുത്ത പണം ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് തെളിഞ്ഞു. ഇതോടെ ഇയാൾക്ക് പോലീസ് നോട്ടീസ് അയക്കുകയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. രേഖകളൊന്നുമില്ലാതെ 90 ലക്ഷം രൂപ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഹുബ്ബള്ളി – ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
