പത്താം ക്ലാസുകാര്‍ക്ക് 24,400 രൂപ ശമ്പളത്തോടെ ജോലി; പോസ്റ്റ്‌ ഓഫീസില്‍ ജിഡിഎസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കിയത്

കേരളത്തില്‍ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ 2025 മാർച്ച്‌ 3 വരെ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം.

ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉത്തർപ്രദേശിലും, തമിഴ്നാട്ടിലുമാണ്.

ജിഡിഎസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അംഗീകൃത ബോർഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും യോഗ്യതാ മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ, അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കളിംഗ് പരിജ്ഞാനം എന്നിവയും നിർബന്ധം.

ജിഡിഎസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയില്ലാതെ, സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിധേയരാകണം. ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയേക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാല്‍ മെറിറ്റ് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in സന്ദർശിക്കുക.
ഹോം പേജില്‍ കാണുന്ന ‘രജിസ്റ്റർ’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ജനനത്തീയതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പർ എന്നിവ നല്‍കുക.
ലഭിച്ച ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്‌ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കുക.
നിങ്ങളുടെ ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകള്‍ അപ്‌ലോഡ് ചെയ്യുക.
ഇനി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
ഭാവി റഫറൻസിനായി അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കുക

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: