ആലുവ: ഒരു കിലോ കഞ്ചാവുമായി ആലുവയിൽ നിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലാണ് പിടിയിലായത്. ഇയാൾ കുട്ടമശേരിക്കടുത്ത വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കും 1000 രൂപക്കുമാണ് പ്രതി കച്ചവടം ചെയ്തിരുന്നത്. കുട്ടമശ്ശേരി ഭാഗത്ത് ഉൾവഴിയിൽ നിന്ന് ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്നു ഇയാൾ. പോലീസിനെ കണ്ടതോടെ മുങ്ങാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
