ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പല സമയങ്ങളിലായി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. നടൻ മോഹൻലാൽ ആണ് ദൃശ്യം 3 ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് മോഹൻലാലിൻറെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഈ മൂന്നാം ഭാഗവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
