ആറ് മാസമായി പൂട്ടിക്കിടക്കുന്ന വീടിന് ലഭിച്ചത് 58,986 രൂപയുടെ വാട്ടർ ബില്ല്. 82 വയസ്സുള്ള, കോന്തുരുത്തി സ്വദേശി ഓമന കെ. രാജൻ എന്ന വയോധികയാണ് ഡിസംബറിൽ ലഭിച്ച ബില്ലുമായി ബുദ്ധിമുട്ടുന്നത്. പള്ളിമുക്ക് വാട്ടർ വർക്ക് സബ് ഡിവിഷന് കീഴിലാണ് ഭീമമായ ഈ ബില്ല് വന്നിരിക്കുന്നത്. 2024 ഒക്ടോബർ 30 ന് ലഭിച്ച 275 രൂപയുടെ ബില്ല് നവംബർ 14 അടച്ചിട്ടുണ്ട്.
ഇതിന് ശേഷം 2024 ഡിസംബർ 26ന് നൽകിയ ബില്ലിലാണ് ഇത്രയും വലിയ തുക നൽകിയിരിക്കുന്നത്. മുൻ ബില്ല് അഡ്ജസ്റ്റ്മെന്റ് വിഭാഗത്തിൽ 44052 രൂപയും വാട്ടർ ചാർജിൽ 14933 രൂപയും ഉൾപ്പെടെ ആകെ 58,986 രൂപയുടെ ബില്ലാണ് നൽകിയിട്ടുള്ളത്. മീറ്ററിൽ ഒക്ടോബർ 30 ന് രേഖപ്പെടുത്തിയ അതേ റീഡിങ്ങ് തന്നെയാണ് ഡിസംബർ 26നും രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിൽ നൽകിയ ബില്ലിൽ പറയുന്ന പ്രകാരം 329 കിലോ ലിറ്റർ വെള്ളം ഉപയോഗിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3,29,000 ലിറ്റർ വെള്ളത്തിന്റെ ബില്ലുമായാണ് വയോധിക വിഷമിക്കുന്നത്.
‘ഈ വിഷയം കൃത്യമായി അന്വേഷിച്ച് വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്’ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
