ചേർത്തല: അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മിൽ ഏറ്റുമുട്ടി. അംഗൻവാടിക്കുള്ളിലും പുറത്തുവെച്ചുമാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതും തമ്മിത്തല്ലിൽ കലാശിച്ചതും. ഇരുവരുടെയും അടിപിടി കണ്ട് അംഗൻവാടി കുട്ടികൾ പരിഭ്രാന്തിയിലായി. ഓടിക്കൂടിയ അയൽവാസികൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കൈതക്കാട് അംഗൻവാടിയിലെ അധ്യാപികയായ കണ്ടത്തിപ്പറമ്പിൽ ഗീതയും ഹെൽപ്പർ എട്ടാം വാർഡ് സബ്ന നിലയത്തിൽ സജിനിയുമാണ് തമ്മിലടിച്ചത്. അടിപിടിയിൽ ഇരുവർക്കും കാര്യമായ പരിക്കുകൾ പറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗീതയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറെ നാളുകളായി അംഗൻവാടിയിൽ കുട്ടികൾക്ക് നൽകാൻ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കാണാതെ വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
പലവട്ടം ഇരുവരും ഇതേകുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. സജിനിയുടെ വീടിന്റെ സമീപമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഗീത പലവട്ടം പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. വെള്ളിയാഴ്ച ഇതേകുറിച്ച് ചോദ്യം ചെയ്തതോടെയാണ് അടിപിടിയിൽ കലാശിച്ചത്. തമ്മിലടിയിൽ ഗീതയുടെ മാല സജിനി വലിച്ചു പൊട്ടിച്ചതിനെ തുടർന്ന് കഴുത്തിൽ ചതവുകളുണ്ടായി. സംഭവം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറയും മറ്റ് ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് കിട്ടുംവരെ ഇരുവരെയും മാറ്റി നിർത്തിയിരിക്കുകയാണ്. സജിനി അധ്യാപികയായ ഗീതയെ മർദിച്ചതിൽ അംഗൻവാടി കൂട്ടായ്മകളിൽ പ്രതിഷേധമുയരുന്നുണ്ട്. ഗീത ഇപ്പോഴും ആശുപത്രയിൽ ചികിത്സയിലാണ്. സംഭവത്തിൽ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
