ന്യൂഡല്‍ഹി: എഎപി വനിതാ നേതാവ് അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതകൂടിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അതിഷി. ഞായറാഴ്ച ചേര്‍ന്ന എഎപി നിയമസഭാ കക്ഷി യോഗമാണ് അതിഷിയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്.
ഡല്‍ഹിയില്‍ ശക്തമായ പ്രതിപക്ഷമായും ജനങ്ങളുടെ ശബ്ദമായും എഎപി പ്രവര്‍ത്തിക്കുമെന്നും അതിഷി പ്രതികരിച്ചു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും നിയമസഭാ പാര്‍ട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് പ്രതികരിക്കുകയായിരുന്നു അതിഷി.
ഡല്‍ഹി മുഖ്യമന്ത്രിയായി വനിതാ നേതാവ് രേഖ ഗുപയെ ബിജെപി നിയോഗിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തും വനിതയെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എട്ടാമത് ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24 ന് ആരംഭിക്കും.
ഫെബ്രുവരി 5ന് പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വലിയ മുന്നേറ്റമായിരുന്നു രാജ്യ തലസ്ഥാനത്ത് നല്‍കിയത്. 70 സീറ്റുകളില്‍ 48 എണ്ണവും നേടിയ ബിജെപി 27 വര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. എഎപിക്ക് 22 സീറ്റുകള്‍ നേടി രണ്ടാമത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സീറ്റും നേടാന്‍ കഴിഞ്ഞില്ല.
അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ ഉന്നത എഎപി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ കല്‍ക്കാജി മണ്ഡലത്തിലെ സീറ്റ് നിലനിര്‍ത്തി അതിഷി വീണ്ടും നിയമസഭയില്‍ എത്തുകയായിരുന്നു. അതേസമയം, ആദ്യ സമ്മേളനത്തില്‍ തന്നെ എഎപി പ്രതിരോധത്തിലാക്കാനുള്ള നടപടിയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ എഎപി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വയ്ക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
