Headlines

പാഠ്യ പദ്ധതിയില്‍ നിന്ന് തന്റെ കവിത ഒഴിവാക്കണമെന്ന ആവശ്യവുമായി  ബാലചന്ദ്രന്‍ ചുള്ളിക്കാട്

പാഠ്യ പദ്ധതിയില്‍ നിന്ന് തന്റെ കവിത ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട്. താൻ കവിത എഴുതുന്നത് സമാനഹൃദയരായ കുറച്ചുപേർക്ക് വേണ്ടിയാണെന്നും, അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അല്ലെന്നും തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ‘ഒരു അപേക്ഷ’എന്ന തലക്കെട്ടോടുകൂടി സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.


കുറിപ്പിന്റെ പൂര്‍ണരൂപം;

“പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്.
‘സന്ദര്‍ശനം’ പാഠപുസ്തകത്തില്‍ ചേര്‍ത്തതിലും വലിയൊരു ശിക്ഷ കവിക്ക് ഇനി കിട്ടാനില്ല കഷ്ടം തന്നെ!’

എന്റെ കൂട്ടുകാരിയായ ഒരു മലയാളം അധ്യാപിക ഇന്നലെ എനിക്കയച്ച സന്ദേശമാണിത്. ഇക്കാര്യം അക്ഷരംപ്രതി ശരിയാണ് എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടാണ് എന്റെ കവിത സ്‌കൂളുകളുടെയും സര്‍വകലാശാലകളുടെയും സിലബസ്സില്‍നിന്നും ഒഴിവാക്കണമെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്കുവേണ്ടി എന്റെ കവിത ദുരുപയോഗംചെയ്യരുതെന്നും ഞാന്‍ പണ്ട് ഒരിക്കല്‍ അധികൃതരോട് അപേക്ഷിച്ചത്. സിലബസ് കമ്മറ്റിയുടെ ഔദാര്യമുണ്ടെങ്കിലേ കവിക്കും കവിതയ്ക്കും നിലനില്‍പ്പുള്ളൂ എങ്കില്‍ ആ നിലനില്‍പ്പ് എനിക്കാവശ്യമില്ല.

ഞാന്‍ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികള്‍ പറയുംപോലെ ‘മലയാളത്തിന്റെ പ്രിയകവി’യും അല്ല. മലയാള കവിതയുടെ ചരിത്രത്തില്‍ എനിക്ക് യാതൊരു കാര്യവുമില്ല. എന്റെ സമാനഹൃദയരായ കുറച്ചു വായനക്കാരുടെ മാത്രം കവിയാണ് ഞാന്‍. അവര്‍ക്കു വായിക്കാനാണ് ഞാന്‍ കവിതയെഴുതുന്നത്. സദസ്സിനു മുമ്പില്‍ ചൊല്ലിയാലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാലും അതൊരു ഏകാന്തമായ സ്മൃതിവിനിമയമാണ്.

അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്കു ഗവേഷണം നടത്താനോ വേണ്ടിയല്ല ഞാന്‍ കവിത എഴുതുന്നത്. ആവശ്യമുള്ളവര്‍ മാത്രം വായിക്കേണ്ടതാണ് എന്റെ കവിത. ആര്‍ക്കും ആവശ്യമില്ലെങ്കില്‍ ഞാനും എന്റെ കവിതയും വിസ്മൃതമാവുകയാണ് വേണ്ടത്. അല്ലാതെ എന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്ന് എല്ലാ സിലബസ് കമ്മറ്റിക്കാരോടും ഒരിക്കല്‍ക്കൂടി ഞാന്‍ അപേക്ഷിക്കുന്നു. ദയവായി എന്റെ കവിത പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കണം. ഈ അപേക്ഷ ഇതോടൊപ്പം എല്ലാ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസവകുപ്പിനും അയയ്ക്കുന്നു.”

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: