ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ഇതാദ്യമായി ഒരു ‘ബിഹാറി കല്യാണം’ നടന്നത് നാട്ടുകാര്‍ക്ക് പുതുമയായി. ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍. നാല്പത്തിരണ്ടുകാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാര്‍ ബുദ്ധഗയയിലെ മുപ്പതുകാരിയെത്തിയത്.

ബിഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വേറിട്ട വിവാഹം നടന്നത്. അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രന്റെയും നളിനിയുടെയും മകന്‍ സിജിയും ബീഹാര്‍ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തില്‍ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശര്‍മ്മയുടെയും കൃഷിക്കാരിയായ സുഭദ്ര ദേവിയുടെയും മകള്‍ പൂജാകുമാരിയുമാണ് വിവാഹിതരായത്.

അച്ഛനു അസുഖമായി. അതിനിടയില്‍ അമ്മയ്ക്കു പക്ഷാഘാതവുമുണ്ടായി. മാതാപിതാക്കള്‍ രണ്ടു പേരും അസുഖ ബാധിതര്‍. ഇവര്‍ക്ക് മൂന്നു മക്കളാണ്. മൂത്ത മകനാണ് സിജി. അതിനിടെ രണ്ടാമത്തെ മകനും ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ജറി വേണ്ടി വന്നു. വീട്ടിലെ അവസ്ഥയെ തുടര്‍ന്ന് സിജി ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി. പിന്നെ വിവാഹ അന്വേഷണമായി. നിരവധി ആലോചനകള്‍ ഒത്തുവന്നെങ്കിലും അച്ഛനും അമ്മയും അസുഖ ബാധിതരാണെന്നറിഞ്ഞപ്പോള്‍ പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങിയെന്ന് കുടുംബം പറയുന്നു.

അങ്ങനെ വര്‍ഷങ്ങളോളം നാട്ടില്‍ പെണ്ണുകിട്ടാതെ അലഞ്ഞു. പുനര്‍ വിവാഹത്തിന് താല്പര്യമുള്ളവരെ നോക്കിയപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. രണ്ടു വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. ഒരു ഭാഗം തളര്‍ന്ന അമ്മ വടി കുത്തി നടക്കുന്നതിനിടയില്‍ തെന്നിവീണു നട്ടെല്ലിന്ന് ക്ഷതമേറ്റു പൂര്‍ണമായും കിടപ്പു രോഗിയായതോടെ വിവാഹം എന്നത് ഒരുസ്വപ്നമായി. ബിഹാറില്‍ നിന്ന് കേരളത്തില്‍ ജോലി തേടിയെത്തിയ ആശാരിപ്പണിക്കാരന്‍ ധര്‍മ്മേന്ദ്രയെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി.

12 വര്‍ഷം വിവിധ ജില്ലകളില്‍ പണിയെടുത്ത ധര്‍മ്മേന്ദ്ര രണ്ടു വര്‍ഷം മുമ്പാണ് കണ്ണൂരിലെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുവാണ് ബിഹാര്‍ ബുദ്ധഗയയിലെ പൂജാ കുമാരി. വിശ്വകര്‍മ്മ സമുദായത്തിലെ ലോഹാര്‍ വിഭാഗത്തില്‍ പെട്ട കുടുംബം. അഞ്ചുമക്കളില്‍ രണ്ടാമത്തവളാണ് പൂജ. മൂത്തമകള്‍ ഗഞ്ജകുമാരിയെ മുപ്പത്തിമൂന്നാം വയസില്‍ രണ്ടു വര്‍ഷം മുമ്പ് സ്ത്രീധനം കൊടുത്താണ് അവര്‍ കല്യാണം കഴിപ്പിച്ചയച്ചത്.

ഗയയിലെ ഗോതമ്പു പാടത്തിന്നരികെയുള്ള ഒറ്റമുറി വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കുന്ന പൂജയുടെ വിവാഹം സ്ത്രീധനം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ നീണ്ടുപോയി. ധര്‍മ്മേന്ദ്ര പറഞ്ഞതനുസരിച്ച് ബുദ്ധഗയയില്‍ സുഹൃത്തിനൊപ്പം സിജി പെണ്ണു കാണാനെത്തി.അഴീക്കോട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിജിക്ക് ഹിന്ദി ഭാഷയോട് താല്പര്യമുണ്ടായിരുന്നു. പ്രൈവറ്റായി മലബാര്‍ കോളജില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദമെടുത്തപ്പോഴും ഹിന്ദിയായിരുന്നു രണ്ടാം ഭാഷ. പെണ്ണുകാണല്‍ ചടങ്ങില്‍ ഹിന്ദി ഭാഷയിലെ പ്രാവീണ്യം സിജിയെ തുണച്ചു. ബിഹാറിലെ ആചാരപ്രകാരം പെണ്‍കുട്ടി തളികയില്‍ പഴങ്ങളും പുഷ്പങ്ങളുമായെത്തി സ്വീകരിച്ച് കാല്‍ തൊട്ട് വന്ദിച്ചു. പിന്നെ പൂരിയും ആലു ചൗക്കി കറിയും ഗീറും ( പായസം) കഴിക്കാന്‍ ക്ഷണിച്ചു. ‘ആപ്കാ നാം ക്യാഹേ’ എന്ന സിജിയുടെ ആദ്യ ചോദ്യം തന്നെ വീട്ടുകാര്‍ക്ക് ഇഷ്ടമായി. പൂജയെന്നു മറുപടിയും വന്നു. പിന്നെയവര്‍ ഹിന്ദിയില്‍ ഒരു മണിക്കൂറോളം പരസ്പരം സംസാരിച്ചു

ഒടുവില്‍ അവിടെ നിന്നുമിറങ്ങി. ബുദ്ധഗയയിലെ ബോധി വൃക്ഷ ചുവട്ടിലെത്തി പ്രാര്‍ത്ഥിച്ചു നാട്ടിലേക്ക് മടക്കം.രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശുഭവാര്‍ത്തയെത്തി. അഴീക്കോട്ടേക്ക് പൂജയെ വിവാഹം കഴിച്ചയയ്ക്കാന്‍ സമ്മതമാണെന്ന് വീട്ടുകാര്‍ അറിയിച്ചു. സിജിയുടെ ഹിന്ദിയിലുള്ള പ്രാവീണ്യം അവരെ ആകര്‍ഷിച്ചത്രെ. വിശ്വകര്‍മ്മജരുടെ പരമ്പരാഗത ആചാരപ്രകാരം അഴീക്കോട് ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. കേരളീയ വിശ്വകര്‍മ്മാള സംഘം ആചാര്യന്‍ കുളപ്രത്ത് സുരേന്ദ്രന്‍ പാരമ്പര്യ കര്‍മ്മിയായി. ബിഹാറിലെ പരമ്പരാഗത ആചാരപ്രകാരമുള്ള കരിമണിമാലയില്‍ കോര്‍ത്ത മംഗല്യസൂത്രം വധുവിന്റെ കഴുത്തില്‍ കെട്ടി. ഗോവിന്ദപുരം ക്ഷേത്രത്തില്‍ പൂജിച്ച തുളസിമാല മേല്‍ശാന്തി ഇരുവര്‍ക്കും നല്കി. വധുവരന്മാര്‍ പരസ്പരം തുളസി മാലയണിഞ്ഞു. ഒപ്പം പൂമാലയും.

പിന്നെ വിശ്വകര്‍മ്മാള ആചാര്യന്‍ സുരേന്ദ്രന്‍ വധൂവരന്മാരെ ചേര്‍ത്തു നിര്‍ത്തി മന്ത്രകോടി പുതപ്പിച്ചു. മീന്‍കുന്നിലെ റിസോര്‍ട്ട് വധൂഗൃഹമാക്കി ഒരുക്കിയാണ് ബീഹാര്‍ കല്യാണം നടത്തിയത്. തലേന്ന് 20ഓളം കുടുംബാംഗങ്ങളാണ് ബിഹാറിലെ ഗയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം അഴീക്കോട്ടെത്തിയത്. പരമ്പരാഗത ബീഹാറി ഹിന്ദു ആചാരപ്രകാരം മൈലാഞ്ചി കല്യാണവും ഹല്‍ദിയും ഒക്കെ മീന്‍കുന്ന് റിസോര്‍ട്ടില്‍ നടത്തി.ബന്ധുക്കള്‍ വധുവിന്റെ കൈനിറയെ കുപ്പി വളയിട്ടു കൊടുക്കുന്ന ചടങ്ങുമുണ്ടായി. ചടങ്ങ് അര്‍ധരാത്രി ഒരു മണി വരെ നീണ്ടു. കല്യാണ ശേഷം വരന്റെ വീട്ടിലെത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ചിത്രപ്പണികളുള്ള ശംഖു വളയും പൗളയും കൈയിലും കാല്‍വിരലില്‍ മോതിരവുമണിയിക്കുന്ന ചടങ്ങുമുണ്ടായി. ബീഹാറി കല്യാണത്തിലെ സദ്യ പക്ഷേ, തനി കേരളീയമായിരുന്നു.

ഇനി അഞ്ചു ദിവസം കഴിഞ്ഞ് ബിഹാറിലെ വീട്ടില്‍ വധുവരന്മാരെ ഇരുത്തി പ്രത്യേക പൂജ നടക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സഹ സമ്പര്‍ക്ക് പ്രമുഖ് പി പി അനില്‍ കുമാറും വിഭാഗ് പ്രചാരക് പ്രമുഖ് കെ സി ഷൈജുവും ചേര്‍ന്ന് മംഗളം പത്രം വായിച്ചു സ്‌നേഹനിധി സമര്‍പ്പണവും നടത്തി. അഴീക്കോട് ഗ്രാമ പഞ്ചായത്ത് മെംബര്‍ അനീഷ് ബാബു, സി എംപി നേതാവ് ജയന്‍ നായര്‍ തുടങ്ങിയവര്‍ ആശീര്‍വദിച്ചു.




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: