ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ

മലപ്പുറം: ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ ഡീസൻറ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. നെല്ലീക്കുത്ത് റിസർവ് വനത്തിൽ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് പ്രതി കൊമ്പുകൾ എടുത്തത്. പിന്നീട് ഇത് ചാക്കിലാക്കി വീടിന് സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു.

ജനവാസ കേന്ദ്രത്തോട് ചേർന്ന് ആന ചരിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് വനപാലകർ ആനയുടെ ജഡം കണ്ടെത്തിയത്. ഇത് വലിയ വീഴ്ചയാണെന്നതിന് പുറമെ കൊമ്പുകൾ കൂടി നഷ്ടമായത് വനംവകുപ്പിന് ഏറെ തലവേദനയായിരുന്നു. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ കാർത്തിക്ക്, എസിഎഫ് അനീഷ സിദ്ദീഖ്, വഴിക്കടവ് റേഞ്ച് ഓഫിസർ പനോലൻ ഷെരീഫ് എന്നിവരുടെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ജഡം കിടന്നിരുന്ന വനമേഖലക്ക് ചേർന്നുള്ള ഡീസൻറ് കുന്നിൽ സംശയിക്കപ്പെടുന്നവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. അന്വേഷണത്തിനൊടുവിൽ കൊമ്പുകൾ വനം വകുപ്പ് കണ്ടെടുത്തു.

പ്രതിയേയും തൊണ്ടിമുതലും മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി. സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ ആർ രാജേഷ്, താൽവി നാഥ്, ശ്രീദേവൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുഹമ്മദ് ഷെരീഫ് പി എം. അയ്യൂബ്, കെ സലാഹുദ്ദിൻ ജെ ജെ സീന, അമൃത് രഘുനാഥ്, റിസർവ് ഫോഴ്സിലെ വി. രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: