ഭുവനേശ്വർ: അന്ധവിശ്വാസത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത. ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ 40 തവണയാണ് ഇരുമ്പുവടി ചൂടാക്കി വച്ചത്. സ്വന്തം മാതാപിതാക്കൾ തന്നെയാണ് ഈ കൊടുംക്രൂരത ചെയ്തത്. രോഗം ഭേദമാകാനെന്ന പേരിലായിരുന്നു പിഞ്ചുകുഞ്ഞിനെ പൊള്ളിച്ചത്. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം.
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ.
10 ദിവസം മുൻപ് കുട്ടിക്കു പനി ഉണ്ടായിരുന്നെന്നും കരഞ്ഞിരുന്നതായും നബരംഗ്പുർ ജില്ലാ മെഡിക്കൽ ഓഫിസർ സന്തോഷ് പറഞ്ഞു. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രോഗങ്ങളുടെ പേരിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവൽക്കരണം നടത്തുമെന്നും ഡോ. സന്തോഷ് അറിയിച്ചു.