മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ദുരുപയോഗം ചെയ്തത്. സംഭവത്തിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി യുവതി പരാതിയിൽ പറയുന്നു. കൂടുതലും രാത്രി സമയങ്ങളിലാണ് യുവതിയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ വരുന്നത്. പൊറുതി മുട്ടി ഫോൺ സ്വിച്ച്ഓഫ് ആക്കി വെക്കേണ്ടി വന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.
വ്യക്തിപരമായി തന്നോട് വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടതെന്നാണ് ഷബ്‌ന പറഞ്ഞത്. പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി അറിയിച്ചു. കണ്ണൂർ – ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ എഴുതിയിട്ടത്. ട്രെയിനിൽ നമ്പർ എഴുതിയിട്ടതായി അറിയിച്ചത് ഒരു യാത്രക്കാരൻ ആയിരുന്നു. യാത്ര കഴിഞ്ഞ് ഷബ്‌ന വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും എത്തി തുടങ്ങിയെന്ന് യുവതി പറഞ്ഞു
