ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിലായിരുന്ന ഒരു സ്ത്രീക്ക്, വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി.പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം
ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കി മാത്രമേ ശാരീരിക ബന്ധങ്ങള്‍ നടന്നിട്ടുള്ളൂ എന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ലിവ്-ഇൻ പാർട്ണർ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനെതിരെ സമർപ്പിച്ച ഹർജിയിന്മേലുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിർണായക നിരീക്ഷണങ്ങള്‍. വിവാഹ വാഗ്ദാനം നല്‍കി പ്രതിയുമായി 16 വർഷമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്ന് ആരോപിച്ച് ഒരു വനിതാ അധ്യാപിക നല്‍കിയ ഹർജിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
രണ്ട് വ്യക്തികളും നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും സമ്മതത്തോടെയുള്ള ബന്ധം നിലനിർത്തിയിരുന്നതായും വ്യത്യസ്ത പട്ടണങ്ങളില്‍ താമസിക്കുമ്ബോഴും പരസ്പരം വീടുകള്‍ പതിവായി സന്ദർശിക്കാറുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. കേസ് പരാജയപ്പെട്ട പ്രണയബന്ധത്തെയോ അല്ലെങ്കില്‍ പിന്നീട് കയ്പേറിയ ഒരു ലിവ്-ഇൻ ബന്ധത്തെയോ പ്രതിഫലിപ്പിക്കുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച കോടതി നിഗമനം ചെയ്തു. 16 വർഷത്തെ നീണ്ട അടുപ്പമുള്ള ബന്ധമായതിനാല്‍ തന്നെ, ബലപ്രയോഗം എന്ന ഘടകം നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
വിവാഹ വാഗ്ദാനത്തിന്റെ മറവില്‍ 16 വർഷത്തോളം അപ്പീല്‍ക്കാരന്റെ ആവശ്യങ്ങള്‍ക്ക് പരാതിക്കാരി വഴങ്ങിക്കൊണ്ടിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കക്ഷികള്‍ക്കിടയില്‍ ലൈംഗിക ബന്ധം തടസ്സമില്ലാതെ തുടർന്ന 16 വർഷത്തെ നീണ്ട കാലയളവില്‍, ബന്ധത്തില്‍ ഒരിക്കലും ബലപ്രയോഗമോ വഞ്ചനയോ ഉണ്ടായിരുന്നില്ലെന്ന നിഗമനത്തില്‍ എത്താൻ സാഹചര്യങ്ങള്‍ പര്യാപ്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
