ഹൈദരാബാദ്: സ്ത്രീ ജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്തവാവധി അനുവദിച്ച് പ്രമുഖ എഞ്ചിനീയറിംഗ്, നിർമ്മാണ സ്ഥാപനമായ എൽ & ടി. കമ്പനിയുടെ മുംബൈയിലെ പവായ് ഓഫീസിൽ നടന്ന വനിതാ ദിനാഘോഷ വേളയിലാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് എൻ സുബ്രഹ്മണ്യൻ ഈ പ്രഖ്യാപനം നടത്തിയത്. വ്യവസായത്തിൽ ആദ്യമായിട്ടാണ് ഈ നയം നടപ്പിലാക്കുന്നത്. എൽ & ടിയിലെ 60,000 പേരടങ്ങുന്ന ജീവനക്കാരിൽ 9% വരുന്ന ഏകദേശം 5,000 വനിതാ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
അതേസമയം, നയം എങ്ങനെ നടപ്പാക്കുമെന്നതിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. മാതൃസ്ഥാപനമായ എൽ&ടിയിൽ മാത്രമായിരിക്കും പുതിയ നയം നടപ്പിലാക്കുക. എന്നാൽ, ഫിനാൻഷ്യൽ സർവീസ്, ടെക്നോളജി പോലുള്ള സെക്ടറുകളിൽ പുതിയ നയം ബാധകമാവില്ല.
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള കമ്പനികൾ ജീവനക്കാർക്ക് ആർത്തവാവധി അനുവദിച്ചിരുന്നു. നേരത്തെ ഒഡീഷ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്തവാവധി അനുവദിച്ചിരുന്നു. കർണാടകയും സമാനമായ നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. വർഷത്തിൽ ആറ് ദിവസത്തെ അവധി അനുവദിക്കാനാണ് സർക്കാറിന്റെ നീക്കം. നേരത്തെ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് എൻ.സുബ്രമണ്യന്റെ പ്രസ്താവന വിവാദത്തിലായിരുന്നു.
