കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളി.
കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മുമ്പിൽ ഇന്നലെ കീഴടങ്ങിയത്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ പ്യൂണ്‍ അബ്ദുല്‍ നാസറിനെ സസ്‌പെന്റ് ചെയ്തുവെന്ന് മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറിയിച്ചു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
എല്ലാവിധ അന്വേഷണത്തെയും പിന്തുണക്കുമെന്നും മഅ്ദിന്‍ സ്‌കൂള്‍ വ്യക്തമാക്കി. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എംഎസ് സൊല്യൂഷ്യന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്.
