Headlines

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവാവ്



     

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരനായ ലളിത് പാട്ടിദാർ. മുഖത്തെ ഒരു ചതുരശ്ര സെന്റിമീറ്റര്‍ ചര്‍മ്മത്തില്‍ ശരാശരി 201.72 താടിരോമങ്ങളാണ് ഇയാള്‍ക്കുള്ളത്. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയാണ് പതിനെട്ടുകാരനായ ഈ റെക്കോർഡ് ജേതാവ്. ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവ രോഗം പിടിപെട്ട ഇദ്ദേഹത്തിന്റെ മുഖത്ത് 95 ശതമാനത്തിലധികവും രോമങ്ങളാണ്.’വൂൾഫ് സിൻഡ്രോം’എന്നും ഇത് അറിയപ്പെടുന്നു. ഒരു ചതുരശ്ര സെന്റിമീറ്ററിൽ എത്ര രോമങ്ങളുണ്ടെന്ന് കണ്ടെത്താനായി ചെറിയ ഭാഗം ഷേവ് ചെയ്തുകൊണ്ടാണ് ട്രൈക്കോളജിസ്റ്റ് മുഖരോമങ്ങളുടെ സാന്ദ്രത അളന്നത്.

ലോകത്തിൽ ഇതുവരെ 50 പേരിൽ മാത്രമേ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. ശരീരത്തിൽ മുഴുവനായോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമോ ആണ് ഇത്തരത്തിൽ അമിത രോമവളർച്ച ഉണ്ടാകുന്നത്. എന്നാൽ മുഖത്ത് ഇത്രയധികം രോമങ്ങളുള്ള വ്യക്തി എന്ന നിലയിലാണ് ഇദ്ദേഹം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായത്.

ഗിന്നസ് റെക്കോർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഈ രോഗാവസ്ഥ തനിക്ക് നൽകിയ മോശം ദിനങ്ങളെ പറ്റിയും അദ്ദേഹം ഇന്നും ഓർക്കുന്നുണ്ട്. ‘സ്‌കൂൾ കാലഘട്ടം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു , ആദ്യമൊക്കെ സഹപാഠികൾക്ക് എന്നെ കാണുന്നത് പോലും പേടിയായിരുന്നു പിന്നീട് അവർ അംഗീകരിക്കാൻ തുടങ്ങി, അവർ എന്നെ അറിയാനും, സംസാരിക്കാനും തുടങ്ങിയപ്പോൾ, ഞാൻ അവരിൽ നിന്ന് അത്ര വ്യത്യസ്തനല്ലെന്ന് മനസ്സിലായി കാഴ്ച്ചയിൽ മാത്രമാണ് ഞാൻ വ്യത്യസ്തൻ പക്ഷേ ഉള്ളിൽ ഞാൻ സാധാരണ മനുഷ്യൻ ആണ്” അദ്ദേഹം പറഞ്ഞു.

‘ചിലർ മാത്രമാണ് മോശമായി പെരുമാറിയിട്ടുള്ളത്, കൂടുതൽ പേരും സ്നേഹത്തോടെയാണ് സമീപിച്ചിട്ടുള്ളത്. നിരവധി മോശ പരാമർശങ്ങൾ വന്നിട്ടുണ്ട് എന്നാലും അതിനെയെല്ലാം തള്ളിക്കളയാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു’ പാട്ടിദാർ പറയുന്നു. മുഖത്തെ രോമങ്ങൾ കളയാൻ പറയുന്നവരോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളു ‘ഞാൻ ഇങ്ങനെ ആണ് ,എന്റെ രൂപം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അസാധാരണ രൂപമുള്ള ആൾ എന്ന് എല്ലാവരും വിളിക്കുമെങ്കിലും ഇതെല്ലം ഒരു പ്രചോദനമായി മാത്രമേ പാട്ടിദാറിന് തോന്നിയിട്ടുള്ളൂ. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും കൂടിയാകുമ്പോൾ മറ്റൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ലോകം ചുറ്റി രാജ്യങ്ങളെ അറിയാനും, സംസ്കാരങ്ങൾ മനസിലാക്കാനും ആഗ്രഹിക്കുന്ന ഈ ചെറുപ്പക്കാരന് സ്വന്തം രൂപത്തിൽ എന്നും അഭിമാനം മാത്രം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: