രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ റെയില്‍വേ

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ റെയില്‍വേ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തുടനീളമുള്ള തിരക്കേറിയ 60 സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കുംഭമേളയോടനുബന്ധിച്ച് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയില്‍വേ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ പൂര്‍ണമായ പ്രവേശന നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. മാത്രമല്ല യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഫുട്ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം, വാര്‍ റൂമുകള്‍ സ്ഥാപിക്കല്‍, നൂതന ആശയവിനിമയ സംവിധാനങ്ങളുടെ വിന്യാസം തുടങ്ങിയവയ്ക്കും അംഗീകാരം നല്‍കി. ഏതൊക്കെയാണ് ആദ്യഘട്ടത്തിലുള്ള 60 റെയില്‍വേ സ്‌റ്റേഷനുകളെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വരാണസി, അയോധ്യ, പട്‌ന സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. കൂടാതെ ആശയവിനിമയ സംവിധാനങ്ങളും കൂടുതല്‍ നൂതനമാക്കും. തിരക്കേറിയ സ്റ്റേഷനുകളില്‍ വാക്കി-ടോക്കികള്‍, പൊതു അറിയിപ്പ് സംവിധാനങ്ങള്‍, കോളിംഗ് നെറ്റ്വര്‍ക്കുകള്‍ എന്നിവ സജ്ജീകരിക്കും. അടിയന്തര ഘട്ടങ്ങളില്‍ അംഗീകൃത വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഉറപ്പാക്കാന്‍ റെയില്‍വേ ജീവനക്കാര്‍ക്കും സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പുതുതായി രൂപകല്‍പ്പന ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: