ബഹാറിച്ച്: പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ യു.പി പൊലീസ് പിടികൂടി. വെടിവെച്ചാണ് പോലീസ് യുവാവിനെ പിടിക്കൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ പ്രതി വെടിയുതിർത്തതിനാലാണ് തിരിച്ച് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. കാലിൽ വെടിയേറ്റ അഷ്‌റഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാവിലെ ജർവാൾ റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞത്.
പശുവിന്റേത് ഉൾപ്പടെയുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങൾ കരിമ്പ്, ഗോതമ്പ് പാടങ്ങളിൽ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ കേസെടുത്തതെന്ന് എസ്.പി ദുർഗ പ്രസാദ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതി ഹർചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ചും പൊലീസും ചേർന്ന് സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
പോലീസിന്റെ വെടിവെപ്പിൽ പരിക്ക് പറ്റിയ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് യു.പി പൊലീസ് പറഞ്ഞു. പ്രതിക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.