മലപ്പുറം: മർദനത്തിന് പിന്നാലെ ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളായ ബസ് ജീവനക്കാരെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് നിഷാദ്, സുജീഷ്, സിജു എന്നിവരെയാണ് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റതിന് പിന്നാലെ മാണൂർ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന PTB ബസിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയിൽ കയറ്റിയത് ചോദ്യം ചെയ്ത് മർദിക്കുകയായിരുന്നു എന്നാണ് വിവരം.
ആക്രമണത്തിന് പിന്നാലെ ഓട്ടോറിക്ഷയോടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുൽ ലത്തീഫ് മരണത്തിന് കീഴടങ്ങി. മർദനത്തെ തുടർന്ന് രക്തസമ്മർദം വർധിച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
