Headlines

സിപിഎം നേതാവ് എ പത്മകുമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോൺഗ്രസും; നടപടി എടുക്കാൻ സിപിഎം നീക്കം



പത്തനംതിട്ട: പാർട്ടിയുമായി ഇടഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാറിനെ പാർട്ടിയിലെത്തിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമം തുടങ്ങി. സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് ഇക്കുറിയും പരിഗണിക്കപ്പെടാതിരുന്നതോടെയാണ് എ പത്മകുമാർ സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതും പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യ വിമർശനം ഉയർത്തിയതും. ഇതിന് പിന്നാലെയാണ് പത്മകുമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത്.

പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻറ് ആയിരൂർ പ്രദീപ് പറഞ്ഞു. എ പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പത്മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. ‘ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു. ‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പത്മകുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു. സംസ്‌ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോൾ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവർത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാർ പ്രതികരിച്ചു. ഇന്നല്ലെങ്കിൽ നാളെ പാർട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പത്മകുമാറിന്റെ പ്രതികരണത്തിൽ സമ്മർദ്ദത്തിലായിരിക്കുന്നത് സിപിഎമ്മാണ്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് പത്മകുമാർ നടത്തിയതെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതും പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും എ പത്മകുമാറിനെതിരെ നടപടി എടുക്കാൻ മതിയായ കാരണങ്ങളാണ്. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാൾ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പത്മകുമാറിന്റെ നടപടി ചർച്ചയാകും. അതേസമയം, നടപടിയെടുത്താൽ പത്മകുമാർ സ്വീകരിക്കുന്ന നിലപാട് പത്തനംതിട്ടയിലെ സിപിഎമ്മിനെ സംബന്ധിച്ച് നിർണായകമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: