കട്ടക്ക്: കീഴ്ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. 14 വർഷം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതിയെ ഒടുവിൽ തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഒഡിഷയിലാണ് സംഭവം. നേരത്തെ കീഴ്ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദൻ കൻഹാർ എന്ന 42കാരനെതിരെയാണ് കുറ്റം തെളിയിക്കാൻ വേണ്ട ശക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തെ വിധിയിൽ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു.
ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് സംഗം കുമാർ സാഹു, ചിത്തരഞ്ജൻ ദാസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. 2005ൽ 20 വയസുകാരിയായ ഒരു യുവതി കൊല്ലപ്പെട്ട സംഭവത്തിൽ 2008ലാണ് ഫുൽബാനി ജില്ലാ സെഷൻസ് ജഡ്ജി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് ആ വർഷം തന്നെ മദൻ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. എന്നാൽ 2019ലാണ് ഹൈക്കോടതി മദന് ജാമ്യം അനുവദിച്ചത്. പിന്നീട് ആറ് വർഷം ജാമ്യത്തിലായിരുന്നു. തുടർന്നാണ് ഇപ്പോൾ കുറ്റവിമുക്തനാക്കിയത്.
ഒഡിഷയിലെ ഫുൽബാനി ഗ്രാമവാസിയായ യുവതി അടുത്തുള്ള കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോവുകയും പിന്നീട് കാട്ടിനുള്ളിൽ അവരെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. 2005 ഏപ്രിൽ 12ന് ആയിരുന്നു ഈ സംഭവം. സ്വന്തം അമ്മയാണ് യുവതിയെ അന്വേഷിച്ച് ചെന്നതും മൃതദേഹം കണ്ടെത്തിയതും. മരണപ്പെട്ട യുവതി ഏതാനും ദിവസം മുമ്പ് മദനുമായി വഴക്കുണ്ടാക്കിയിരുന്നു എന്നുള്ളത് മുൻനിർത്തിയാണ് കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു.
അതേസമയം കേസിലെ സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ ദൗർബല്യവും ഫോറൻസിക് റിപ്പോർട്ടിലെ വ്യക്തതക്കുറവും കാരണം മദൻ ആണ് കൊലപാതകം നടത്തിയതെന്ന് പറയാൻ സാധിക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. പ്രതിയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്താൻ ശക്തമായ തെളിവുകളൊന്നുമില്ല. സാക്ഷി മൊഴികളിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരു