Headlines

മുസ്ലീങ്ങള്‍ ഹോളി ദിനത്തില്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബിജെപി എംഎല്‍എ പ്രസ്താവനയെ  വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്

പട്‌ന: മുസ്ലീങ്ങള്‍ ഹോളി ദിനത്തില്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബിജെപി എംഎല്‍എ ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്നാണ് തേജസ്വി യാദവ് ചോദിച്ചത്. എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.


‘മുസ്ലീങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ബി.ജെ.പി. എം.എല്‍.എ. പറഞ്ഞിരിക്കുന്നത്. ഇത് അയാളുടെ അച്ഛന്റെ സംസ്ഥാനമാണോ? ആരാണയാള്‍? എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു പ്രസ്താവനയിറക്കാന്‍ സാധിച്ചത്?’ ആര്‍.ജെ.ഡി. നേതാവായ തേജസ്വി യാദവ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് അബോധാവസ്ഥയിലാണ്. ദളിത് വനിതകള്‍ അവരുടെ അവകാശത്തേയും അഭിമാനത്തെയും കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം അവരെ ശകാരിക്കും. അദ്ദേഹത്തിന് ഈ എം.എല്‍.എയെ ശകാരിക്കാന്‍ ധൈര്യമുണ്ടോ. ജെ.ഡി.യുവിന് ഇപ്പോള്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നിറമാണ്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കസേരയല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലെന്നും തേജസ്വി യാദവ് ആരോപിച്ചു.

എന്നാല്‍, മതവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നാണ് മധുബനി ജില്ലയിലെ ബിസ്ഫിയില്‍ നിന്നുള്ള എം.എല്‍.എ. ആയ ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ വിശദീകരണം.

ഇത്തവണ, ഹോളി മാര്‍ച്ച് 14 വെള്ളിയാഴ്ചയാണ്. മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് വെള്ളിയാഴ്ചയാണ്. വര്‍ഷത്തില്‍ ഒരിക്കലാണ് ഹോളി വരുന്നത്. നിറങ്ങളുടെ ഉത്സവമാണിത്. ആരെങ്കിലും നിറങ്ങള്‍ വാരിപ്പൂശിയാല്‍ മുസ്ലീം സുഹൃത്തുക്കള്‍ നിരാശരായേക്കാം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, വിശാലഹൃദയരാണെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുവരാം. അല്ലെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ വീട്ടിനുള്ളില്‍ തന്നെയിരിക്കാം. വര്‍ഷം 52 തവണ വെള്ളിയാഴ്ചയുണ്ട്. അവര്‍ ഹിന്ദു-മുസ്ലീം സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നവരാണ്. ഒരു വെള്ളിയാഴ്ച ഹിന്ദുക്കള്‍ക്ക് വേണ്ടി വിട്ടുകൊടുത്തൂടെ? ഹരിഭൂഷന്‍ പറഞ്ഞു.

തന്റെ വാക്കുകള്‍ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡിയുടെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന്, പ്രതിപക്ഷം സംഘര്‍ഷമാണ് ആഗ്രഹിക്കുന്നതെന്നും അതാണ് അവരുടെ വോട്ടുബാങ്കെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം ഞങ്ങള്‍ക്കില്ലെന്നും ഹരിഭൂഷന്‍ പറഞ്ഞു. അതേസമയം, എം.എല്‍.എയ്ക്ക് ബിഹാറിനെ അറിയില്ലെന്നും അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഒരു മുസ്ലീമിന് സംരക്ഷണം നല്‍കുന്ന നാടാണിതെന്നും തേജസി യാദവ് പറഞ്ഞു.

‘ഈ എം.എല്‍.എയ്ക്ക് എന്തറിയാം? ഇത് ബീഹാറാണ്. ഇവിട് അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഓരോ മുസ്ലീമിനും സംരക്ഷണം നല്‍കും. നിങ്ങളാണ് കലാപങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ പാര്‍ട്ടി ഇവിടെ ഉള്ളിടത്തോളം ഞങ്ങള്‍ അവരുടെ അജണ്ട വിജയിക്കാന്‍ അനുവദിക്കില്ല. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, ധൈര്യമുണ്ടെങ്കില്‍ ഈ എം.എല്‍.എയോട് നിയമസഭയില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടൂ. പക്ഷെ, മുഖ്യമന്ത്രി അത് ചെയ്യില്ല.’ അദ്ദേഹം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: