ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച മഹാ കുംഭമേളയില്‍ കുളിക്കാന്‍ പ്രയാഗ് രാജില്‍, ഗംഗാനദിയിലെ ത്രിവേണി സംഗമത്തിലെ വെള്ളം യോഗ്യമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗാ (എന്‍എംസിജി) പദ്ധതിക്കായി മൊത്തം 7,421 കോടി രൂപ നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ (മാര്‍ച്ച് 9 വരെ) നദി വൃത്തിയാക്കുന്നതിനായിട്ടാണ് തുക അനുവദിച്ചത്.
സമാജ് വാദി പാര്‍ട്ടി എംപി ആനന്ദ് ഭദൗരിയ, കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നദിയിലെ പിഎച്ച്, ഓക്‌സിജന്‍, ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ്, ഫീക്കല്‍ കോളിഫോം എന്നിവയുടെ അളവ് കുളിക്കുന്നതിന് അനുവദനീയമായ പരിധിക്കുള്ളിലായിരുന്നു എന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
മഹാകുംഭമേളയിൽ ഭക്തർ
മഹാകുംഭമേളയിൽ ഭക്തർ എപി
ഫെബ്രുവരി 3 ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പ്രയാഗ്രാജിലെ പല സ്ഥലങ്ങളിലെയും ജലം കുളിക്കുന്നതിന് വേണ്ട ഗുണനിലവാരം ഇല്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഫീക്കല്‍ ക്വാളിഫോം ബാക്ടിരീയയുടെ അളവ് കൂടുതലായതിനാല്‍ കുളിക്കാന്‍ യോഗ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഫെബ്രുവരി 28 ന് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍, മഹാ കുംഭ വേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്‍ അനുയോജ്യമാണെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തില്‍ വ്യക്തമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിക്കുകയായിരുന്നു.
നദിയിലെ ജലത്തിന്റെ ഗുണനിലവാരം ആഴ്ചയില്‍ രണ്ടു തവണ വീതം ഏഴു സ്ഥലങ്ങളിലായി നിരീക്ഷിച്ചിരുന്നു. പ്രയാഗ്രാജിന്റെ മുകള്‍ഭാഗം മുതല്‍ ദീഹാഘട്ട് (താഴേക്ക്), സംഗം നോസ് (ഗംഗയും യമുനയും കൂടിച്ചേരുന്ന സ്ഥലം) ഉള്‍പ്പെടെയാണ് നിരീക്ഷിച്ചിരുന്നത്. കൂടാതെ മഹാകുംഭമേള സമയത്ത് വെള്ളം ശുദ്ധീകരിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 എസ്ടിപികളാണ് സ്ഥാപിച്ചിരുന്നത്. ഉപയോഗിക്കാത്ത 21 ഡ്രെയിനുകളില്‍ നിന്നുള്ള മലിനജലം സംസ്‌കരിക്കുന്നതിന് താല്‍ക്കാലിക പരിഹാരമായി ഏഴ് ജിയോ-ട്യൂബുകള്‍ സ്ഥാപിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
