കൊല്ലം: സെൻ്റ് തോമസ് സിഎസ്ഐ പള്ളി (ഇംഗ്ലീഷ് പള്ളി) വളപ്പിൽ സൂട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. സെമിത്തേരിക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. മനുഷ്യൻ്റെ അസ്ഥികൂടമാണ്. ഇതിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് പറഞ്ഞു.
ഇന്ന് രാവിലെ പള്ളിയിൽ ജോലിക്ക് എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് നിന്ന് സ്യൂട്ട്കേസ് കാണാനിടയായത്. തുടർന്ന് അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. സമീപം റോഡായതിനാൽ അവിടെ നിന്നും ആരെങ്കിലും സ്യൂട്ട്കേസ് കാട് മൂടിക്കിടക്കുന്നിടത്തേക്ക് വലിച്ചെറിഞ്ഞതാകാനുമുള്ള സാധ്യതയെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
