അടിമാലി: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് നോക്കുകുത്തിയായതായി പരാതി. കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പരിഹരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിമാലി ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചത്. നിസ്സാര പ്രശ്നത്തിന്‍റെ പേരിലാണ് ഇത് പൂട്ടിയിട്ടിരിക്കുന്നത്. പ്ലാന്‍റിനുള്ള സ്ഥലം, കെട്ടിടം, ഹൈടെൻഷൻ വൈദ്യുതി ലൈൻ, ജനറേറ്റർ എന്നിവയടക്കം വലിയ തുകയാണു ചെലവഴിച്ചത്. എന്നാൽ ആളുകൾക്ക് ഒരു ഉപയോഗവുമില്ലാതെ പ്ലാന്റ് നിലകൊള്ളുകയാണ്.
കംപ്രസറിന് ഉണ്ടായ തകരാറാണ് പ്രശ്നം. കംപ്രസറിന്‍റെ സേഫ്റ്റി വാൽവിന് ഉണ്ടായ തകരാറും പ്ലാന്‍റിലെ വാട്ടർ പ്രഷർ ചെക്ക് ചെയ്തു സ്ഥാപിച്ചതിൽ വന്ന അപാകതകളും ശരിയാക്കിയിട്ടില്ല. ഓക്സിജൻ പ്ലാന്‍റ് അറ്റകുറ്റപ്പണി ചെയ്ത് പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ പ്ലാന്‍റ് ഉപേക്ഷിച്ച നിലയിലാണ്. ഓക്സിജൻ പ്ലാന്‍റിന്‍റെ പ്രവർത്തനം നിർത്തിയതോടെ മുടക്കിയ തുക വെള്ളത്തിലായതു കൂടാതെ ആശുപത്രി ഉപയോഗത്തിനു വേണ്ടി വരുന്ന ഓക്സിജൻ വാങ്ങാൻ ലക്ഷങ്ങളാണു വർഷംതോറും ചെലവിടേണ്ടി വരുന്നതും. സ്വകാര്യ ഓക്സിജൻ പ്ലാന്‍റുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആറ് മാസത്തിലേറെയായി പ്രവർത്തനം നിലച്ചിട്ട്. ഒരു ജീവനക്കാരനെ നിയമിച്ചിട്ടുമുണ്ട്. ഇയാൾ ജോലിപോലും ചെയ്യാതെയാണ് ശമ്പളം വാങ്ങുന്നത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഫണ്ട് വനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
