43 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ വിലക്ക്

43 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ വിലക്ക്. ഈ രാജ്യങ്ങളിലുള്ളവർക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ്. കർശന കുടിയേറ്റ നയങ്ങൾക്ക് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഈ 43 രാജ്യങ്ങളെ റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നതായി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

റെഡ്: 11 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നിവയാണ് റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പൂർണ്ണ യാത്രാ വിലക്ക് നേരിടേണ്ടിവരും.

ഓറഞ്ച്: ബെലാറസ്, എരിട്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, പാകിസ്ഥാൻ, റഷ്യ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ, തുർക്ക്മെനിസ്ഥാൻ എന്നീ 10 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഓറഞ്ച് ലിസ്റ്റ്. ഈ ലിസ്റ്റിലെ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകും. സമ്പന്നരായ ബിസിനസ്സ് യാത്രക്കാർക്ക് നിയന്ത്രണങ്ങളില്ലാതെ പ്രവേശനം ലഭിച്ചേക്കാം. കുടിയേറ്റ അല്ലെങ്കിൽ ടൂറിസ്റ്റ് വിസ തേടുന്ന വ്യക്തികൾക്ക് അനുമതി നിരസിക്കപ്പെടാം.

യെല്ലോ: ഈ ​ലിസ്റ്റിലാണ് ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ളത്. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പി, വാനുവാട്ടു, സിംബാബ്‌വെ തുടങ്ങിയ 22 രാജ്യങ്ങൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പരിശോധനയിലും സ്ക്രീനിംഗ് പ്രക്രിയകളിലുമുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് 60 ദിവസത്തെ സമയമുണ്ട്. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. ഇന്ത്യയും ഇസ്രായേലും ലിസ്റ്റിൽ ഇല്ല എന്നതാണ് ശ്രദ്ധേയം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മറ്റ് പ്രധാന സർക്കാർ ഉദ്യോഗസ്ഥരും നിലവിൽ ഈ ആശയം അവലോകനം ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: