ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്  വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) റെയ്ഡ്

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ നിരവധി വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) റെയ്ഡ് നടത്തി. സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. സുരക്ഷിതമല്ലാത്ത സര്‍ട്ടിഫൈഡ് അല്ലാത്ത ഉത്പന്നങ്ങള്‍ വിറ്റതിനാണ് നടപടി. ലക്നോ, ഗുരുഗ്രാം, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.

മാര്‍ച്ച് 7 ന് ലക്നോയിലെ ആമസോണ്‍ വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 215 കളിപ്പാട്ടങ്ങളും 24 ഹാന്‍ഡ് ബ്ലെന്‍ഡറുകളും പിടിച്ചെടുത്തു. ഗുരുഗ്രാമിലെ ഫ്ലിപ്കാര്‍ട്ട് വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 534 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കുപ്പികള്‍, 134 കളിപ്പാട്ടങ്ങള്‍, 41 സ്പീക്കറുകള്‍ എന്നിവ പിടിച്ചെടുത്തു.

ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും നടന്ന നിയമലംഘനങ്ങളെ കുറിച്ചുള്ള ബി ഐ എസിന്റെ തുടരന്വേഷണങ്ങളില്‍ ടെക്വിഷന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഉത്പന്നങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, ഡല്‍ഹിയിലെ ടെക്വിഷന്‍ ഇന്റര്‍നാഷണലിന്റെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 7,000 ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, 4,000 ഇലക്ട്രിക് ഫുഡ് മിക്‌സറുകള്‍, 95 ഇലക്ട്രിക് റൂം ഹീറ്ററുകള്‍, 40 ഗ്യാസ് സ്റ്റൗകള്‍ എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഉല്‍പ്പന്നങ്ങളില്‍ ഡിജിസ്മാര്‍ട്ട്, ആക്ടിവ, ഇനല്‍സ, സെല്ലോ സ്വിഫ്റ്റ്, ബട്ടര്‍ഫ്ലൈ തുടങ്ങിയ ബ്രാന്‍ഡുകളുടെതും ഉള്‍പ്പെടുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: