അഞ്ചുവർഷത്തിനിടെ കാട്ടാനകൾ കൊന്നത് 111 പേരെ, നാട്ടാനകൾ 20 പേരെ, കൂടുതൽ മരണം പാലക്കാട്ട്


       

കൊല്ലം : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകൾ കൊന്നത് 111 പേരെ. നാട്ടാനകളുടെ ആക്രമണത്തിൽ 20 പേർക്കും ജീവൻ നഷ്ടമായി. 2020 ജനുവരിമുതൽ 2025 ജനുവരിവരെയുള്ള കണക്കാണിത്. കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ പേർ മരിച്ചത് പാലക്കാട് ജില്ലയിലാണ്-26. ഇടുക്കിയിൽ 23-ഉം വയനാട്ടിൽ 20-ഉം പേർ മരിച്ചു. പത്തു ജില്ലകളിലാണ് ദുരന്തങ്ങളുണ്ടായത്. നാട്ടാനമൂലമുള്ള ദുരന്തത്തിൽ മരിച്ചവരിലും കൂടുതൽ പാലക്കാട്ടാണ്-അഞ്ചുപേർ.

കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഈ കാലയളവിൽ വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ നാട്ടാനകളുടെ ആക്രമണംമൂലം ജീവഹാനി സംഭവിക്കുന്നവർക്ക്‌ സർക്കാർ സാമ്പത്തികസഹായം ഒന്നും നൽകുന്നില്ല. നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ആന ഉടമകൾക്കാണെന്നാണ് വ്യവസ്ഥ. നാട്ടാനകളുടെ ഇൻഷുറൻസിൽനിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

പത്തുലക്ഷം രൂപവരെ ധനസഹായം ലഭിക്കുമെന്ന് ആനയുടമകൾ പറയുന്നു. എന്നാൽ ഈ തുക കൃത്യമായി ലഭിക്കാറില്ലെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ദുരന്തത്തിനിരയാകുന്നവരുടെ കുടുംബാംഗങ്ങൾ സിവിൽ കേസിന് പോകേണ്ടിവരുന്നു. ഇത്തരം കേസുകളിൽ ധനസഹായം ലഭിച്ചോയെന്ന് പരിശോധിക്കാനും സർക്കാരിന് സംവിധാനമൊന്നുമില്ല.

നാട്ടാനപരിപാലന നിയമം കർശനമായി നടപ്പാക്കുന്നതിന് വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിനാണ് ചുമതല. നാട്ടാനപരിപാലന നിയമത്തിന്റെ ലംഘനത്തെ തുടർന്ന് 2016 മുതൽ ഇതുവരെ 186 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗരോർജവേലി, കിടങ്ങ് തുടങ്ങിയവ നിർമിച്ച് കാട്ടാനശല്യം ഒഴിവാക്കാനുള്ള ശ്രമം വനംവകുപ്പ് നടത്തുന്നുണ്ട്. ഈ സാമ്പത്തികവർഷം 848 കിലോമീറ്റർ സൗരോർജവേലി അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: