തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല. മലിന ജലം ഒഴുക്കി വിടുന്നത് പൊതു അഴുക്ക് ചാലിലേക്കാണ്. മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെയാണ് ഇത്തരത്തിൽ തുറന്ന് വിടുന്നത്. മൃഗ ശാലയിലെ മറ്റ് മാലിന്യങ്ങളും അനിയന്ത്രിതമായി ചാലിലേയ്ക്ക് ഒഴുക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നത്.
മൃഗശാലയിൽ പ്രതിദിനം 1.6 ലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ശുദ്ധീകരിക്കാൻ മൃഗശാലയിൽ ഒരു സംവിധാനവുമില്ല. 2014-ൽ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വർഷം പിന്നിടുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 ഓഗസ്റ്റ് 13-ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. മൃഗാശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവർത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആറ് മാസം പിന്നിട്ടിട്ടും മൃഗശാല അധികൃതർക്ക് അനക്കമില്ല.
മൃഗശാലയിൽ ഉപയോഗിക്കുന്ന വെള്ളമെല്ലാം തുറന്ന് വിടുന്നത് കനക നഗറിലെ അഴുക്കു ചാലിലേക്കാണ്. മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും കൂടുകൾ കഴുകുമ്പോഴും ഉത്പാദിപ്പിക്കുന്ന മലിനജലം ഇത്തരത്തിൽ തുറന്നുവിടുന്നു. ഇവിടെ നിന്നും പട്ടം, തേക്കിൻമൂട്, കണ്ണൻമൂല, പുത്തൻപാലം, പാറ്റൂർ വഴി ഒഴുകി പന്നിവിളാകത്ത് ആമയിഴഞ്ചാൻ തോട്ടിലേക്കും. രോഗവാഹകിയായി ആമയിഴഞ്ചാൻ തോട് ആക്കുളം കായലിലേക്ക്, പിന്നീട് അറബികടലിലേക്കും.
കോർപ്പറേഷൻ ഓഫീസിൻറെ മൂക്കിന് താഴെയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാതെ മൃഗശാല പ്രവർത്തിക്കുന്നത്. ക്ഷയ രോഗബാധിതരായ മാനുകളുടെ വിസർജ്ജ്യം ഉൾപ്പടെ പുറന്തള്ളുമ്പോഴും മൃഗശാലയ്ക്കെതിരെ നടപടിയെടുക്കാൻ കോർപ്പറേഷൻ ആരോഗ്യം വിഭാഗം തയ്യാറാകുന്നില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. 50 ഏക്കർ വിസ്തൃതിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വംശജരും വിദേശവംശകരുമായ ഏകദേശം 75 ഓളം ജീവജാതികൾ ഇവിടെയുണ്ട്. സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ് ഇവിടത്തെ അന്തേവാസികൾ