ആരാധകർ കാത്തിരുന്ന എംപുരാൻ്റെ ട്രെയ്ലർ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു.

മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: