ആലപ്പുഴ: സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് വിശ്വാസ്യത നേടി നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. കായംകുളത്താണ് സംഭവം. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികൾ ആണ് ഇയാൾക്കെതിരെ പാർട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കറ്റാനത്തും, കോട്ടയത്തും ഉള്ള നഴ്സിംഗ് കോളേജുകളിലാണ് അഡ്മിഷൻ വാഗ്ദാനം നൽകിയത്.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇന്നലെ രാത്രി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് നടപടി തീരുമാനിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും സുഭാഷിനെതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നും ചിലരെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അവരാണ് പണം വാങ്ങിയതെന്നുമാണ് സുഭാഷിൻ്റെ വിശദീകരണം. പരാതികൾ അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗം യേശുദാസ്, എൽ സി സെക്രട്ടറി മോഹൻദാസ്, എൽ സി അംഗം ജയകുമാർ എന്നിവരാണ് കമ്മീഷനംഗങ്ങൾ
