ആലപ്പുഴ: പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിനെ ആലപ്പുഴ വണ്ടാനം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിനെ ആക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്ത് കൂട്ടാളി സിന്തൽ ആണെന്ന് ജിബിൻ്റെ സഹോദരൻ പറഞ്ഞു.
പ്രഭജിത്തിൻ്റെ പെൺ സുഹൃത്തിന് ജിബിൻ ഇൻസ്റ്റാഗ്രാമിൽ ഹാലോ എന്ന് സന്ദേശമയച്ചതിൻ്റെ പേരിലായിരുന്നു മർദനം. ആക്രമണത്തെത്തുടർന്ന് ജിബിൻ്റെ വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ചെയ്തു. കൂടാതെ യുവാവിൻ്റെ നട്ടെല്ലിനും മുതുകിനും പരിക്കുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് അരുക്കുറ്റി പാലത്തിൽ നിന്ന് ജിബിനെ പ്രഭജിത്തും സിന്തലും ചേർന്ന് തട്ടിക്കൊണ്ട് പോയത്. തുടന്ന് യുവാവിനെ ഇവർ ആളൊഴിഞ്ഞ ഒരു വീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
