അഞ്ച് വര്‍ഷത്തിനിടെ പ്രധാന ടോള്‍പ്ലാസകളില്‍ നിന്ന് പിരിച്ചെടുത്തത് 14,000 കോടി; ഒന്നാമത് ഗുജറാത്ത്



        

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ 10 പ്രധാന ടോള്‍പ്ലാസകളില്‍ നിന്നായി ടോളായി പിരിച്ചെടുത്തത് ഏകദേശം 14,000 കോടി രൂപ. ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലോക്‌സഭയ്ക്ക് മുൻപാകെ വെച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുപ്രകാരം ഗുജറാത്തിലെ എന്‍എച്ച് 48 കടന്നുപോകുന്ന വഡോദര – ബറൂച്ച് ഭാഗത്തെ ഭര്‍ത്തനയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ടോള്‍ പിരിച്ച ടോള്‍പ്ലാസ. 2019 മുതല്‍ 2024 വരെ 2,043.81 കോടിയാണ് ഇവിടെ പിരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം 472.65 കോടിരൂപയാണ് ഇവിടത്തെ ടോള്‍പിരിവ്.

രാജസ്ഥാനിലെ ഷാജഹാന്‍പുര്‍ ടോള്‍ പ്ലാസയാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച് 48-ലെ ഗുഡ്ഗാവ് – കോട്പുട്‌ലി – ജയ്പൂര്‍ സ്‌ട്രെച്ചിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,884.46 കോടി രൂപയാണ് ഇവിടെ പിരിച്ചെടുത്തത്.
പശ്ചിമ ബംഗാളിലെ ജലദുലഗോരിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2019-2024 കാലയളവില്‍ 1,538.91 കോടി രൂപയാണ് ഇവിടെ ടോളിനത്തില്‍ പിരിച്ചെടുത്തത്. എന്‍എച്ച് 16-ലെ ധന്‍കുനി – ഖരഗ്പുര്‍ പാതയിലാണ് ഈ ടോള്‍പ്ലാസ സ്ഥിതിചെയ്യുന്നത്.

ഉത്തര്‍പ്രദേശിലെ ബരാജുര്‍ ടോള്‍പ്ലാസയാണ് ഈ പട്ടികയില്‍ നാലാമത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 1,480.75 കോടി രൂപയാണ് ഇവിടെ പിരിച്ചെടുത്തത്. എന്‍എച്ച് 19-ലെ ഇറ്റാവ – ചകേരി (കാണ്‍പുര്‍) ഭാഗത്താണ് ഈ ടോള്‍പ്ലാസ സ്ഥിതിചെയ്യുന്നത്.

ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേയായ എന്‍എച്ച് 44-ലെ പാനിപ്പത്ത് – ജലന്ധര്‍ സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന ഗരോണ്ട ടോള്‍ പ്ലാസയാണ് മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 1,314.37 കോടി രൂപയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ പിരിച്ചെടുത്തത്.

ഗുജറാത്തിലെ എന്‍എച്ച് 48-ലെ ബറൂച്ച് – സൂറത്ത് സ്‌ട്രെച്ചിലെ ചൊര്യാസി – 1,272.57 കോടി, രാജസ്ഥാനിലെ എന്‍എച്ച് 48-ലെ ജയ്പുര്‍ – കിഷന്‍ഗഡ് സെക്ഷനിലെ തിക്കാരിയ/ജയ്പുര്‍ പ്ലാസ – 1,161.19 കോടി, തമിഴ്‌നാട്ടിലെ എന്‍എച്ച് 44-ലെ കൃഷ്ണഗിരി – തുമ്പിപാടി സെക്ഷനിലെ എല്‍ ആന്‍ഡ് ടി കൃഷ്ണഗിരി തോപുര്‍ – 1,124.18, ഉത്തര്‍പ്രദേശിലെ എന്‍എച്ച് 25-ലെ കാണ്‍പുര്‍ – അയോധ്യ സെക്ഷനിലെ നവാബ്ഗഞ്ച് – 1,096.91 കോടി, ബിഹാറിലെ എന്‍എച്ച് രണ്ടിലെ വാരണാസി – ഔറംഗബാദ് സ്‌ട്രെച്ചിലെ സസാറാം – 1.071.36 കോടി എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് ടോള്‍പ്ലാസകള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ 10 ടോള്‍ പ്ലാസകളില്‍ നിന്നായി 13,988.51 കോടി രൂപയാണ് ടോളിനത്തില്‍ പിരിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ ടോള്‍ പ്ലാസകളിലുടനീളമുള്ള മൊത്തം ടോള്‍ പിരിവിന്റെ ഏഴു ശതമാനത്തിലധികമാണിത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ എല്ലാ ടോള്‍ പ്ലാസകളില്‍ നിന്നുമായി ടോളിനത്തില്‍ 1.93 ലക്ഷം കോടിരൂപയാണ് പിരിച്ചെടുത്തിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 55,882 കോടിരൂപയായിരുന്നു പിരിച്ചത്.

ഇന്ത്യയില്‍ ആകെ 1,063 ടോള്‍ പ്ലാസകളാണുള്ളത്, അതില്‍ 457 എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചതാണ്. ഈ കാലയളവില്‍ ഒരു പ്ലാസയില്‍ നിന്ന് ശരാശരി ടോള്‍ പിരിവ് 190 കോടി രൂപയായിരുന്നു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: