എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ;’ബിജെപിയെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ചിട്ടുണ്ട്; പൃഥ്വിയുടെയും മോഹൻലാലിന്റെയും ധൈര്യം



എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ. മുംബൈ ഐനോക്‌സില്‍ നിന്ന് ചിത്രം കണ്ട ശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്ലോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘എംപുരാന് ഓസ്‌കര്‍, ധൈര്യത്തിനുള്ളത്’, എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ

“സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസിറ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ട്. അത് എംപുരാനിൽ പൃഥ്വിരാജിന് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയവും നിലപാടും ആശയവുമൊക്കെ പറയുകയും, അതിശക്തമായി തന്നെ തീവ്ര വലതുപക്ഷം അടക്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ രാഷ്ട്രീയം മറച്ചുവെക്കാതെ പൃഥ്വിരാജ് ചെയ്തിട്ടുണ്ട്. ലൂസിഫറില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബിജെപിയുമെല്ലാം ബാലന്‍സ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കില്‍, ഇതിൽ കുറേക്കൂടി കടുത്ത രീതിയില്‍ ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആളുകളാണ് പിന്നീട് ഇന്ത്യ ഭരിക്കുന്നതെന്നും ബജ്‌റംഗി എന്ന പേര് തന്നെ പ്രധാനവില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാക്കിയിട്ടുണ്ട്.




സിനിമ എന്ന രീതിയില്‍ നന്നായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് സ്റ്റൈല്‍ മൂവി എന്ന് പറയാന്‍ കഴിയുന്ന രീതിയുണ്ട്. മുംബൈയിലും തിയറ്റര്‍ ഹൗസ്ഫുള്‍ ആയിരുന്നു. എല്ലാവരും ഉറപ്പായും സിനിമ കാണണം. മഞ്ജു വാര്യരുടെ വളരെ പവർ പാക്ക്ഡ് ആയിട്ടുള്ള പെർഫോമൻസ് ആണ്. കൂടുതൽ പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല. ടൊവിനോ വളരെ നന്നായിട്ടുണ്ട്.

പിന്നെ ഇതൊരു ഇന്റർനാഷ്ണൽ ലെവലിൽ ഒരു ഹോളിവുഡ് മൂവി എന്ന രീതിയിൽ തന്നെ നമുക്ക് പറയാൻ പറ്റും. മുംബൈയിലും സിനിമ ഹൗസ് ഫുൾ ആയിരുന്നു. കണ്ടു കഴിഞ്ഞ് ഐനോക്സിന്റെ മുന്നിൽ നിന്ന് തന്നെ ഒരു വിഡിയോ ചെയ്യാം എന്ന് കരുതി. നിങ്ങളെല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. ഈ സിനിമ ഒരു ഗ്രാൻഡ് സിനിമ ആണെന്നുള്ള പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

ഇതുവരെ നിങ്ങൾ എല്ലാവരും അറിഞ്ഞു കാണണം എന്ന് കരുതിയത് കൊണ്ട് പറയുകയാണ് പൃഥ്വിരാജിന്റെ സയ്ദ് മസൂദ് എന്ന കഥാപാത്രം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മാതാപിതാക്കളെ എല്ലാം നഷ്ടപ്പെട്ട, സഹോദരിമാരൊക്കെ അടക്കം ബലാത്സംഗം ചെയ്യപ്പെട്ട് അനീതിയിൽ നിന്നും ഉയർത്തെഴുന്നേൽക്കപ്പെട്ട ഒരാൾ എന്നെ നിലയിലാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

അതുപോലെ സയ്ദ് മസൂദിനെ അടക്കം കുറെ കുട്ടികളെ പാക്കിസ്ഥാനിലെ ലക്ഷ്കർ ഇ തൊയ്ബ സംഘങ്ങൾ കൊണ്ടുപോവുകയും അവിടെനിന്നാണ് മോഹൻലാലിന്റെ കഥാപാത്രം രക്ഷിക്കുന്നത് എന്നൊക്കെ പറയുന്നുണ്ട്. തിരിച്ച് അവനെ ഹിന്ദുസ്ഥാനിയായി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. ആ അർഥത്തിൽ വളരെ ബാലൻസ്ഡ് ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്.

മോഹൻലാലിന്റെ ഡ്രസ്സ് ഒക്കെ ഒരു ഹോളിവുഡ് സ്റ്റൈലിലാണ്. വിദേശത്തുനിന്ന് വന്ന് അഭിനയിച്ചവരെല്ലാം തന്നെ വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പെർഫോമൻസ് വളരെ നന്നായിട്ടുണ്ട്. ഒന്ന് രണ്ട് നല്ല പാട്ടുകൾ കൂടി ആകാമായിരുന്നു എന്ന് തോന്നി. എംപുരാനേ എന്ന പാട്ട് കുറച്ചുകൂടി നന്നായിട്ട് സിനിമയിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഞാൻ കൂടുതൽ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല.

നിങ്ങളെല്ലാവരും എന്തായാലും സിനിമ കാണുക. ഒന്ന് രണ്ടു ദിവസമായി ഞാൻ ഫിൻലാന്റിന്റെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾക്കായി ബോംബെയിലാണ്. അതുകൊണ്ടുതന്നെ ഇവിടെ ഐ നോക്സിൽ സിനിമ കാണാൻ കഴിഞ്ഞു. മലയാളികൾക്ക് ഇഷ്ടപ്പെടുമെന്നു സംശയമില്ല. രാഷ്ട്രീയപരമായി ചില വിയോജിപ്പുകൾ സിനിമയുമായി ബന്ധപ്പെട്ടു ഉണ്ടാകും അത് സ്വാഭാവികമാണ്.

പക്ഷേ ഇതിന്റെ കൗതുകം ഓർക്കുക, മോഹൻലാൽ അഭിനയിച്ച് ഭരത് ഗോപിയുടെ മകൻ മുരളി ഗോപി എഴുതി സുകുമാരന്റെ മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ്. അതുകൊണ്ട് ഇതിന്റെ പിന്നിൽ രാജ്യാന്തര തീവ്രവാദ ഇസ്ലാമിസ്റ്റ് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർഥവുമില്ല. യഥാർഥത്തിൽ വളരെകാലം മുൻപ് നടന്ന ആ കലാപത്തെ ഇൻവോക്ക് ചെയ്ത് ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്.

ഒരു ഹോളിവുഡ് രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത് എല്ലാവരും ഉറപ്പായിട്ടും ഈ സിനിമ കാണണം. ആ സിനിമയോട് വിയോജിപ്പുള്ള നമ്മുടെ സംഘപരിവാറിലെ സഹോദരങ്ങൾ കാണും. ഇല്ല എന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല. ബിജെപിയെ വളരെ ശക്തമായി പേരെടുത്ത് പറഞ്ഞു തന്നെ ആക്രമിച്ചിട്ടുണ്ട്. നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എൻഐഎയെയും അടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്.



മുരളി ഗോപി, പൃഥ്വിരാജ് മോഹൻലാൽ എന്നിവർക്കുള്ള ധൈര്യം വളരെ വലുതാണ്. കാരണം ഇത്രയും വലിയ സ്വാധീനമുള്ള ദേശീയ ഏജൻസികൾ ഒക്കെ ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി പറയുന്നത് വലിയ ധൈര്യമാണ്. അപ്പോൾ എന്തായാലും എംപുരാൻ കാണുക, ഈ സിനിമ ഒരു സ്റ്റേറ്റ്മെന്റ് ആണ്. മലയാള സിനിമ ഇതോടുകൂടി ഏറ്റവും വലിയ സിനിമ മേഖലയായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.’’–രാഹുൽ ഈശ്വർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: