ചെന്നൈ: വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഒരു റോഡപകടത്തിൽ അവർ മരിച്ചതായി കുടുംബം കരുതിയെങ്കിലും, പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്നും കാമുകനാണ് കുറ്റവാളിയെന്നും കണ്ടെത്തി. വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. സഹപ്രവർത്തകനായ ദീപൻ എന്ന യുവാവുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വിഘ്‌നേശ്വരിയുമായി വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു. സഹപ്രവർത്തകനായിരുന്ന ദീപൻ മറ്റൊരു ജാതിയിൽപ്പെട്ടയാളാണ്. ഇതു സംബന്ധിച്ച് ഇരുവരും വാക് തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി ദീപൻ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭയമുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചുകൊണ്ട് വിഘ്‌നേശ്വരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ കൊളത്തൂർ ശ്മശാനത്തിന് സമീപം വിഘ്‌നേശ്വരിയുടെ സ്‌കൂട്ടർ കണ്ടെത്തി. ഒരു വൈദ്യുത തൂണിൽ ഇടിച്ച നിലയിലായിരുന്നു വണ്ടി. തലയ്ക്ക് പരിക്കേറ്റ നിലയിൽ ബൈക്കിനടുത്ത് കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആദ്യം ഇതൊരു അപകടമായിരിക്കുമെന്ന് കുടുംബം കരുതി.
എന്നിരുന്നാലും, അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടർന്ന് ശ്രീപെരുമ്പുത്തൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംശയത്തെ തുടർന്ന് പോലീസ് ദീപനെയും ചോദ്യം ചെയ്തു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ, വിഘ്‌നേശ്വരിയെ സ്റ്റീൽ വാട്ടർ ബോട്ടിൽ ഉപയോഗിച്ച് അടിച്ചതായും അത് അവളുടെ മരണത്തിലേക്ക് നയിച്ചതായും യുവാവ് വെളിപ്പെടുത്തി. തുടർന്ന് തന്റെ പ്രവൃത്തി മറച്ചുവെക്കാൻ, അയാൾ ഒരു അപകടം കെട്ടിച്ചമക്കുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
