ഹൈദരാബാദ്: മൂന്നു മക്കൾക്കും വിഷം നൽകി കൊലപ്പെടുത്തി യുവതി. സ്കൂളിൽ സഹപാഠിയായിരുന്ന യുവാവിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് യുവതി മൂന്നുമക്കളെയും കൊലപ്പെടുത്തിയത്. തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ പരിചയപ്പെട്ട യുവാവുമായി ജീവിക്കാനാണ് 45 വയസുള്ള രജിത ഈ കടുംകൈ കാണിച്ചത്.
അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. ഇതിനിടെ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാൽ വിശദമായ അന്വേഷണത്തിൽ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.
കുടുംബജീവിതത്തിൽ രജിത സന്തോഷവതിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർ പഠിച്ച സ്കൂളിൽ അടുത്തിടെ പൂർവ വിദ്യാർഥി സംഗമം നടന്നിരുന്നു. ഇവിടെ വച്ചാണ് പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത്. പൂർവ വിദ്യാർഥി സംഗമം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ സൗഹൃദം ബലപ്പെട്ടു. ഇതു വൈകാതെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ രജിത തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
മക്കളുടെ കൊലപാതകത്തിൽ ആർക്കും തന്നെ സംശയം തോന്നാതിരിക്കുന്നതിനു വേണ്ടിയാണ് രജിതയും വിഷം കഴിച്ചതെന്നാണ് കരുതുന്നത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജാകുന്ന മുറയ്ക്ക് യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
