ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്.

വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല

അതിനിടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: