ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വൈകും

കൊച്ചി: ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വൈകും. കൂടിയാലോചനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ എന്നു വേണമെന്ന് തീരുമാനമാകുക. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാകും തുടര്‍ നടപടികള്‍ എന്ത് വേണമെന്ന് തീരുമാനിക്കുക.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാന്‍ ഷൈനിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈന്‍ അറിയിക്കുകയും പൊലീസ് സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് ഷൈന്‍ ഇപ്പോള്‍ ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്. ഈ സംഭവങ്ങള്‍ നടന്ന സമയത്ത് കമ്മീഷണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന കൂടിയാലോചനകള്‍ക്കും മൊഴികളിലെ വിശദ പരിശോധനയ്ക്കും ശേഷമാകും ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമാവുക.

കഴിഞ്ഞ ദിവസം നടത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. വൈദ്യ പരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് അഥവാ ആന്റിഡോട്ടുകള്‍ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. അങ്ങനെയെങ്കില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താന്‍ പ്രയാസമായിരിക്കും.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഷൈനിനെതിരേ നര്‍കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ (എന്‍ഡിപിഎസ്) 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പോലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: