കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെയാണ് ‘കാപ്പ’ ചുമത്തി നാടുകടത്തിയത്. ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ രേഷ്മ ഇപ്പോൾ മാമംഗലത്താണ് താമസിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇവർക്കെതിരേ ഏഴ് കേസുകളുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് രേഷ്മയെ നാടുകടത്തിയുള്ള ഉത്തരവിറക്കിയത്. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇവരെ ഒൻപത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയിൽ പ്രവേശിക്കുന്നതിൽനിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
