ഹൈബ്രിഡ് കഞ്ചാവ് കേസിൽ  ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ നിർദേശം. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം എക്സൈസ് നോട്ടീസ് നൽകിയിരുന്നു. നടന്മാർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്‍റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇത് എന്തിനു വേണ്ടിയാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ പൂർണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്. എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്‍റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി.

തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെക്കുറിച്ചും സുൽത്താൻ അക്ബർ അലിയുടെ രാജ്യന്തര സ്വർണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതു പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. നടന്മാരുമായി കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ നീക്കം. തസ്ലിമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിയുമായിട്ടുള്ളതാണ്. ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു.

ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു. തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോയും കൊച്ചിയിൽ അറസ്റ്റിലായപ്പോൾ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് എക്സൈസ് പരിശോധിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: