ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും. അഴിമുഖത്ത് 13 മീറ്റർ വീതിയിലും3മീറ്റർ ആഴത്തിലുമാണ് പൊഴി മുറിക്കുന്നത്. ഏറക്കുറെ ഇതിന്റെ പണി പൂർത്തിയായി. ഇനി അഴിമുഖത്തിന്റെ പ്രവേശന കവാടത്തിലുള്ള മണൽനീക്കം മാത്രമാണുള്ളത്.അത് കണ്ണൂർ അഴീക്കലിൽ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള ഭാഗത്തെ മണൽനീക്കം കൂടി നടക്കും. ഇന്നലെ വൈകിട്ടോടെ നീണ്ടകര പിന്നിട്ട ഡ്രഡ്ജർ മറ്റു കാലാവസ്ഥ വ്യതിയാനങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നെത്തുമെന്നാണ് കരുതുന്നത്. അഴിമുഖത്ത് ഡ്രഡ്ജർ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പാതയൊരുക്കലിപ്പോൾ പുരോഗമിക്കുകയാണ്. അഴിമുഖത്തിന്റെ മൊത്തം വീതി 120 മീറ്ററാണ്. അതിൽ 13 മീറ്റർ വീതിയിലാണ് പൊഴി മുറിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ മണൽ മൂടി കിടക്കുകയാണ്. അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ അവിടെ നിന്നും പെരുമാതുറ സൈഡിലേക്ക് നിക്ഷേപിക്കുന്ന പ്രക്രിയ 24 മണിക്കൂറും തുടരുകയാണ്. നാളെ പൊഴിമുറിക്കൽ പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന നേരിയ ചാലിൽ കൂടി കായൽവെള്ളം കടലിൽ പ്രവേശിക്കുന്നതിനാൽ കായലോരമേഖലയിലെ വെള്ളക്കെട്ടിന് ഭാഗിക പരിഹാരം ഉണ്ടായിത്തുടങ്ങും. പൂർണതോതിൽ വെള്ളമിറങ്ങണമെങ്കിൽ ഇനിയും ദിവസങ്ങൾ എടുക്കും.
കായലോര മേഖലയിലെ പലയിടങ്ങളിലും വെള്ളം കയറി ദുരിതങ്ങൾ അനുഭവിക്കുന്ന നൂറുകണക്കിന് വീട്ടുകാരും നാട്ടുകാരുമുണ്ട്. അതുപോലെ അഴിമുഖത്തെ മണൽ നീക്കം പൂർണമാകാൻ ഡ്രഡ്ജർ എത്തിയാലും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. ഡ്രഡ്ജറുമായി ഘടിപ്പിക്കേണ്ട മറ്റ് അനുബന്ധ ഉപകരണങ്ങൾ റോഡുമാർഗം മുതലപ്പൊഴിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
അഴിമുഖം മണൽ മൂടിയതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലച്ച് നിത്യവൃത്തിക്കായി പാടുപെടുകയാണ്.മുതലപ്പൊഴിയിലെ രണ്ട് ഹാർബറുകളിലുമായി നൂറിലേറെ താങ്ങുവല വള്ളങ്ങളാണ് കടലിൽ ഇറക്കാനാകാതെ കെട്ടിയിട്ടിരിക്കുന്നത്. ഒരു താങ്ങുവല വള്ളത്തിൽ ശരാശരി 20 മുതൽ 40 പേരാണ് ജോലിക്ക് പോകുന്നത്.ഇവരും ഇവരുടെ കുടുംബാംഗങ്ങളും ഇവരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമെല്ലാം പട്ടിണിയിലും പരിവട്ടത്തിലുമാണ്.
