Headlines

‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാകിസ്താന് നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീര്‍ഘകാല നടപടികള്‍ ഇതിനായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കാനിരിക്കുന്നത്. അടിയന്തരഘട്ടം പൂര്‍ത്തിയാക്കിയാലുടന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളും ആലോചിക്കുമെന്നും ജലവകുപ്പ് മന്ത്രി വ്യക്തമാക്കി. നദിയ്ക്ക് കുറുകെ അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന്റെ തുടര്‍നടപടികള്‍ ആലോചിക്കാനായി അമിത് ഷായുടെ വസിതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീലിനെക്കൂടാതെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്തിരുന്നു. സിന്ധു നദിയില്‍ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയില്‍ നിന്നുമുള്ള ജലവിതരണവും നിര്‍ത്തലാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഈ നദികളാണ് പാകിസ്താനില്‍ ജലവിതരണം നടക്കുന്നത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വര്‍ഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: